രചന: സുധീ മുട്ടം


“ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോളെന്റെ കൈകളൊന്നു വിറച്ചു.അറിയാതെ രണ്ടു തുള്ളി കണ്ണുനീർ കവിളിനെ ചുംബിച്ച് താഴേക്കൊഴുകി….


പതിനാല് വർഷങ്ങൾ താൻ ജീവിച്ച വീട്.മനുവേട്ടനും മക്കളുമായി താനൊരുമിച്ച് ജീവിച്ചയിടം..എന്റെ നെഞ്ചിലൊരു വിങ്ങൽ എവിടെ നിന്നോ വന്നു തുടങ്ങി…

മിഴി നീർ കാഴ്ചയെ മറച്ചപ്പോൾ കർചീഫെടുത്ത് ഞാൻ മിഴികളൊപ്പി.വീണ്ടും ഒപ്പിടുവാനൊരു ശ്രമം….

ഇന്നലെക്കൂടി മനുവേട്ടൻ പറഞ്ഞിരുന്നു…


” നമ്മുടെ മക്കൾക്കായി നമുക്കെല്ലാം മറന്ന് ഒരുമിച്ചു ജീവിച്ചു കൂടെ….

“ഇല്ല..തനിക്കതിനു കഴിയുമായിരുന്നില്ല..തെറ്റ് ചെയ്തവൾക്ക് മാപ്പിരിക്കാൻ അർഹതയില്ലെന്ന് അറിയാം…


പക്ഷേ എനിക്ക് വാശിയായിരുന്നു.. ഡിവോഴ്സ് വേണമെന്നത്..ഇനിയും താമസിച്ചാൽ ….

പതിനാല് വർഷങ്ങൾക്ക് മുമ്പ് മനുവേട്ടന്റെ കയ്യും പിടിച്ചു ഇവിടേക്ക് കയറുമ്പോൾ അദ്ദേഹം ഒന്നെ ആവശ്യപ്പെട്ടിരുന്നുള്ളൂ…


” മരണം തങ്ങളെ വേർപിരിക്കുന്നതുവരെ കൂടെ കാണണമെന്ന്….

അന്നുമുതൽ അദ്ദേഹം തനിക്ക് ദൈവത്തിന്റെ സ്ഥാനത്തായിരുന്നു.ഒരിക്കൽ പോലുമൊന്ന് നുള്ളി നോവിക്കുകയോ കുത്തുവാക്കുകളാൽ ഹൃദയത്തെ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നില്ല…..


രണ്ടു പെൺകുട്ടികൾ ജനിച്ചതിനു ശേഷവും അദ്ദേഹത്തിനു തന്നോടുള്ള സ്നേഹം കൂടിയട്ടേയുള്ളൂ…ഏട്ടൻ തനിക്ക് നല്ലൊരു ഭർത്താവും മക്കൾക്ക് നല്ലൊരു അച്ഛനും സുഹൃത്തും കൂടിയായിരുന്നു….


അച്ഛനും അമ്മയും മ,ര,ണ,പ്പെ,ട്ട താൻ വളർന്നതൊക്കെ ബന്ധുവീട്ടിൽ ആയിരുന്നു. പലരുടേയും പരിഹാസവും ആക്ഷേപിക്കലും കേട്ടപ്പോൾ ജീവിതത്തോട് വെറുപ്പായിരുന്നു മനസ്സിൽ…

മനുവേട്ടനുമായുളള പരിചയമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്.പരിചയം പ്രണയമായി വളർന്നതോടെയെന്നെ അദ്ദേഹം ജീവിതസഖിയാക്കി…..


പ്ല്സ്ടുവിൽ അവസാനിപ്പിച്ച പഠനം പുനരാരംഭിച്ചതിനു പ്രോൽസാഹനം നൽകിയതും ഏട്ടനായിരുന്നു.ബിരുദാനന്തരബിരുദം നേടിയെടുത്തു വിജയിയായി പുറത്തിറങ്ങുമ്പോളെനിക്ക് അഭിമാനമായിരുന്നു…


“ഇങ്ങനെയൊരു ഏട്ടന്റെ ഭാര്യയാകാൻ കഴിഞ്ഞതിൽ…..പിന്നെ പിഎസ്സ്സി ടെസ്റ്റുകൾ എഴുതി.. പ്രതീക്ഷ ഉണ്ടായിരുന്നു ഒരുജോലി ലഭിക്കുമെന്ന്…

എനിക്കല്ല ഏട്ടന്…


” സ്വന്തമായിട്ടൊരു ജോലിയും വരുമാനവും സ്ത്രീകൾക്ക് ആവശ്യമാണ്. എന്തെങ്കിലും സ്വന്തമായിട്ടൊരു ആവശ്യത്തിന് എന്നോടും ചോദിക്കേണ്ടല്ലൊ..നാളെയെനിക്ക് എന്തെങ്കിലും സംഭവിച്ചാലും നിനക്ക് മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടേണ്ടതില്ല….


ഏട്ടന്റെ പ്രാർത്ഥനയും എന്റെ ഭാഗ്യവും കൊണ്ട് ഒരു സർക്കാർ ജോലി ലഭിച്ചു. എന്നെക്കാൾ കൂടുതൽ സന്തോഷിച്ചതും എന്റെ ഏട്ടനായിരുന്നു….


എനിക്ക് കൂടി ജോലി ലഭിച്ചതോടെ വീട്ടിലെ സാമ്പത്തിക സ്ഥിതികൾ കൂടുതൽ മെച്ചമായി.പതിയെ ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം ഞങ്ങൾ വാങ്ങി.മക്കൾക്ക് നല്ല വിദ്യാഭ്യാസവും നൽകി.അത്യാവശ്യം വരുമാനവും ഞാൻ മിച്ചം പിടിച്ചു….


ആറുമാസങ്ങൾക്ക് മുമ്പാണ് എന്റെ ജീവിതം മാറ്റി മറിച്ച ആ സംഭവം ഉണ്ടായത്.എന്റെ ഓഫീസിൽ സ്ഥലം മാറി വന്ന മേലധികാരിയുമായുള്ള സൗഹൃദം എന്റെ സങ്കൽപ്പങ്ങളെ മാറ്റി മറിച്ചു..


അദ്ദേഹം കാണാൻ സുന്ദരനും സുമുഖനും വിവാഹിതനുമായിരുന്നു.ഭാര്യയുടെ മനോഭാവം അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചിരുന്നു.എല്ലാം അദ്ദേഹം എന്നോട് തുറന്നു പറയുമ്പോൾ ഞങ്ങളിൽ മറ്റൊരു ബന്ധം ഉടലെടുക്കുകയായിരുന്നു…


“സ്നേഹമെന്നത് മറച്ചു പിടിക്കാനുള്ളതല്ല..പ്രകടിപ്പിക്കാനുള്ളതാണ്…മേലധികാരിയത് പറയുമ്പോൾ ഞാൻ അദ്ദേഹത്തെ മനുവേട്ടനുമായി താരതമ്യം ചെയ്തു…


” മനുവേട്ടനെക്കാൾ വളരെ ആകർഷിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്.അദ്ദേഹം വെളുത്തതെങ്കിൽ മനുവേട്ടൻ തടിച്ച് കുറുകിയ കറുത്തൊരു മനുഷ്യനാണ്. തനിക്കൊരിക്കലും മാച്ചാകാത്ത പ്രകൃതം…..


പലപ്പോഴും മേലധികാരി എന്നെ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് വിളിപ്പിക്കും പറ്റിയില്ലെങ്കിൽ എന്തെങ്കിലും കാരണം കണ്ടെത്തി ഞാൻ ചെല്ലും..


ആരും കാണാതെ അദ്ദേഹത്തിന്റെ ഒരു ചുടു ചുംബനവും ആലിംഗനവും ,എന്റെ മേനിയിലെ മേലധികാരിയുടെ കരവിരുതും ഞാൻ ആസ്വദിച്ചു….


“ഇങ്ങനെയെത്ര നാളീ ഒളിച്ചു കളി.. നീ ഡിവോഴ്സ് വാങ്ങൂ…എന്റെ ഭാര്യയെ ഒഴിവാക്കീട്ട് നമുക്ക് വിവാഹം കഴിച്ചു ഒന്നായി ജീവിക്കാം….


അദ്ദേഹത്തിന്റെ വാക്കുകൾ എന്നിൽ തേന്മഴയായി പെയ്തിറങ്ങി. മനസ്സുകൊണ്ട് ഞാനൊരു ചെറുപ്പക്കാരിയായ നിമിഷങ്ങൾ… ഭർത്താവിനെയും മക്കളെയും മറന്നു….


സൗകര്യപൂർവ്വം….ഒടുവിൽ മനുവേട്ടനോടെല്ലാം തുറന്നു പറഞ്ഞു പരസ്പര സമ്മതത്തോടെയൊരു ഡിവോഴ്സ്..അതാകുമ്പോൾ പെട്ടെന്ന് എല്ലാം നടന്നു കിട്ടും…..


മനുവേട്ടനാകെ തകർന്നു പോയി.. ആ തകർച്ച ഞാൻ കണ്ടില്ലെന്ന് നടിച്ചു.പലതും പറഞ്ഞു.. അപേക്ഷിച്ചു. പക്ഷേ ഞാൻ ഒന്നിനും തയ്യാറായില്ല…


” എങ്കിൽ നിന്റെ ഇഷ്ടം നടക്കട്ടെ.പക്ഷേ എനിക്ക് എന്റെ മക്കളെ വേണം. നീ ഞങ്ങളുടെ കണ്മുമ്പിലൊരിക്കലും വരരുത്.എന്റെ മക്കളുടെ അമ്മ ചീത്തയാണെന്ന് അവർ ഒരിക്കലും അറിയരുത്…..


മനുവേട്ടൻ പറഞ്ഞതെല്ലാം ഞാൻ സമ്മതിച്ചു. പരസ്പരം വിവാഹ മോചനക്കേസിൽ ജോയിന്റ് പെറ്റീഷൻ നൽകാൻ തീരുമാനിച്ചു…..


ഒടുവിൽ രണ്ടും കൽപ്പിച്ചു ഞാൻ ജോയിന്റ് പെറ്റീഷനിൽ ഒപ്പുവെച്ചു.വക്കീലാഫീസിന്റെ മുറിയിൽ നിന്ന് വെളിയിൽ കടന്നപ്പോൾ മനുവേട്ടൻ ഒരാഗ്രഹം പറഞ്ഞത്….

“നമുക്കൊരിടം വരെ പോകാമെന്ന്….


എന്തായാലും പിരിയുകയാണ്.അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് ഞാൻ കരുതി….

ഞങ്ങൾ ചെന്നത് ഒരു വീട്ടിലേക്ക് ആയിരുന്നു.. അവിടുത്തെ കുടുംബിനിയെ പരിചയപ്പെടുത്തി മനുവേട്ടൻ പറഞ്ഞു..


“ഇതാണ് നിന്റെ ബോസിന്റെ ഇപ്പോഴത്തെ ഭാര്യ.സ്ഥലം മാറ്റം ലഭിക്കുന്നിടത്തെല്ലാം അയാൾക്ക് ഭാര്യമാരാണ്.അയാളുടെ ചതിയിൽ പെട്ടൊരു പാവമാണ് ഇവർ……


ഏട്ടൻ പറഞ്ഞത് വിശ്വസിക്കാൻ ബുദ്ധിമുട്ടിയെങ്കിലും ആ സ്ത്രീ തെളിവുകൾ സഹിതം എല്ലാം വ്യക്തമാക്കിയതോടെ എന്തു ചെയ്യണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു…..” എനിക്ക് തിരുത്താൻ ഒരവസരം നൽകിക്കൂടെ ഏട്ടാ….


എന്റെ തെറ്റുകൾ എനിക്ക് ബോദ്ധ്യമായതോടെ,ഞാൻ തൊഴു കൈകളുമായി നിന്നു….

“വേണ്ട അളക നന്ദ ഇയാൾ അല്ലെങ്കിൽ മറ്റൊരാളെ കാണുമ്പോൾ നീയിത് വീണ്ടും ആവർത്തിച്ചാലൊരു പൊട്ടനെപ്പോലെ നിന്നു തരാൻ എനിക്ക് കഴിയില്ല..


പലരുടേയും വാഗ്ദാനങ്ങൾ കേൾക്കുമ്പോൾ നീ ചിന്തിക്കണമായിരുന്നു.വിവാഹം കഴിക്കാത്ത ചെറുപ്പക്കാരിയല്ല നീയെന്ന്.ഭാര്യയാണെന്നും രണ്ടു പെൺകുട്ടികളുടെ അമ്മയാണെന്നും നീ ഓർക്കണമായിരുന്നു…


മനുവേട്ടൻ അങ്ങനെ പറഞ്ഞുവെങ്കിലും പശ്ചാത്താപത്താലെന്റെ മിഴികൾ അരുവിയായി ഒഴുകുമ്പോഴും എനിക്കൊരു പ്രതീക്ഷ ഉണ്ടായിരുന്നു ഏട്ടൻ എന്ന സ്വീകരിക്കുമെന്ന്….

“പക്ഷേ ഒരുവാക്കുമോതാതെ ദൂരേക്ക് അദ്ദേഹം നടന്നകലുമ്പോൾ എന്നിലാ പ്രതീക്ഷയും അസ്ഥാനത്ത് ആവുകയായിരുന്നു.അതോടെ എന്നിലെ തകർച്ചയും പൂർണ്ണമായി…..


ഒരു ഭാര്യയെന്ന നിലയിൽ, അമ്മയെന്ന നിലയിൽ ഞാൻ ഞാനല്ലാതായി മാറി..

(അവസാനിച്ചു)